കോഴിക്കോട്: കാലവർഷം തകർത്ത് പെയ്യുമ്പോൾ വെള്ളക്കെട്ട് ഭീഷണിയിലാണ് കോഴിക്കോട് നഗരം. ഓടകളിലെ മാലിന്യവും മണ്ണും ചെളിയും നീക്കാത്തതാണ് പ്രധാന കാരണം. മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുൾപ്പെടെ നിർദ്ദേശങ്ങൾ നൽകിയെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ല. ചിലയിടങ്ങളിൽ സന്നദ്ധ പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഓടകൾ വൃത്തിയാക്കുന്നുണ്ട്.
നഗരത്തിൽ തുടർച്ചയായ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ല കളക്ടർ നിർദ്ദേശിച്ചിരുന്നു. ശുചീകരണം സുഗമമാക്കാനും നിരീക്ഷിക്കാനും മിഷൻ ടീം ഉണ്ടാക്കുമെന്നും അറിയിച്ചിരുന്നു. പാവമണി റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, മിനി ബൈപാസ് റോഡ്, മാവൂർ റോഡ്, ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡ് എന്നിവിടങ്ങളിൽ ഇത്തവണയും വെള്ളക്കെട്ട് ഭീഷണി കുറച്ചൊന്നുമല്ല. എന്നാൽ സ്ഥിരം പരിഹാരത്തിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണെന്നാണ് കോർപറേഷന്റെ വിശദീകരണം.
ഓടയിലെ മാലിന്യം കാരണം കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. മാവൂർ റോഡിലെ ഡ്രെയ്‌നേജിലെ ജോലികൾ പൂർത്തിയാകാത്തതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനായുള്ള കുഴിയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ലോക്ക് ഡൗൺ കാരണം നിർമ്മാണം നിലച്ചതാണ് തിരിച്ചടിയായത്. അരയിടത്തുപാലത്തിന് സമീപത്ത് കൂടി ജംഗ്ഷനിലേക്കുള്ള യാത്ര ഏറെകാലമായി തടസപ്പെട്ടിരിക്കുകയാണ്. മഴ ശക്തമായാൽ സ്ഥിതി ഗുരുതരമാകും.
പകരുമോ പകർച്ചവ്യാധി
വെള്ളക്കെട്ട് കാരണം നഗരത്തിൽ പകർച്ചാവ്യാധി ഭീഷണിയുമുണ്ട്. മഴത്ത് ഓട നിറഞ്ഞൊഴുന്ന മലിന ജലം ചവിട്ടിയാണ് നഗര ഹൃദയത്തിലൂടെയുള്ള കാൽനടക്കാരുടെ യാത്ര. റോഡിൽ നിന്ന് ഉയരത്തിലുള്ള നടപ്പാതകളും മഴയത്ത് വെള്ളത്തിലാകും. കൊവിഡ് ഭീതിയ്ക്കൊപ്പം മറ്റ് പകർച്ചാവ്യാധികൾ കൂടി പടർന്നാൽ സ്ഥിതി ഗുരുതരമാകും.