കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച സമരത്തിനിടെ സംഘർഷം. മന്ത്രി ടി.പി.രാമകൃഷ്ണനെ തടഞ്ഞ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ നേതൃത്വത്തിൽ മുഖ്യകവാടത്തിൽ ഉപരോധം നടത്തുന്നതിനിടെ മന്ത്രി രാമകൃഷ്ണന്റെ ഔദ്യോഗികവാഹനം എത്തുമ്പോൾ പത്തിൽ താഴെ പൊലീസുകാരേ അവിടെ ഉണ്ടായിരുന്നുള്ളൂ. മന്ത്രിയെ സമരക്കാർ തടഞ്ഞതോടെ പൊലീസിന്റെ ബലപ്രയോഗമുണ്ടായെങ്കിലും ഫലിച്ചില്ല. അതിനിടയ്ക്ക്, മറ്റൊരു കവാടത്തിലൂടെ മന്ത്രിയെ അകത്തേക്ക് കടത്തുമ്പോൾ അവിടെയും സമരക്കാരെത്തി. മന്ത്രി കടന്നുപോയ ശേഷം പ്രക്ഷോഭകർ ഉപരോധ സമരം തുടങ്ങിയെങ്കിലും കൂടുതൽ പൊലീസെത്തി പി.കെ.ഫിറോസ് ഉൾപ്പെടെ 20 പേരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.