കോഴിക്കോട്: 2019ലെ പ്രളയത്തിന് ഒരാണ്ട് തികയാനായിട്ടും ദുരിതമനുഭവിച്ചവർക്ക് അനുവദിച്ച ധനസഹായം കിട്ടാതെ എത്രയോ പേർ. പലവക ഒാഫീസുകളിൽ കയറിയിറങ്ങിയ നൂറുക്കണക്കിന് ആളുകൾ ഇപ്പോഴും സഹായം കിട്ടാത്തവരായി തുടരുകയാണ്. പ്രളയം സാരമായി ബാധിച്ച മാവൂർ പ‌ഞ്ചായത്തിൽ മാത്രം 80 ഒാളം കുടുംബങ്ങൾ ധനസഹായം കിട്ടാത്തവരായുണ്ട്. പഞ്ചായത്തിലെ കുറ്രിക്കടവ്, ചെറൂപ്പ, തെങ്ങിലക്കടവ്, മാവൂർ, കണ്ണിപ്പറമ്പ്, ഭാഗങ്ങളിലെ കുടുംബങ്ങൾ വില്ലേജ് ഒാഫീസുകളിലും പഞ്ചായത്ത് ഒാഫീസുകളിലും കയറിയിറങ്ങി മടുത്തിരിക്കുകയാണ്. വില്ലേജ് ഒാഫീസുകളിൽ ചോദിച്ചാൽ സെക്രട്ടറിയേറ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് മറുപടി. സിവിൽ സ്റ്റേഷനിലും പരാതിയുമായി ചിലരെത്തിയിരുന്നു. ബാങ്ക് വിവരം നൽകിയതിലെ പിശകാണെന്ന് പറഞ്ഞപ്പോൾ അതും തിരുത്തി നൽകി. എന്നിട്ടും സഹായം കിട്ടിയില്ലെന്നാണ് പ്രളയ ബാധിതർ പറയുന്നത്.

സർക്കാർ സഹായം ഇങ്ങനെ

പ്രളയ ദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം ഏർപ്പെടുത്തി. വീടുകൾ പൂർണമായും തകർന്നതോ വാസയോഗ്യമല്ലാത്തതോ ആയവർക്ക് 4 ലക്ഷം രൂപ. വീടുകൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ.