കോഴിക്കോട് : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനം വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കാപ്പാട് ബീച്ച് പരിസരത്ത് നടത്തും.
കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വനം വകുപ്പ് മേധാവി പി.കെ. കേശവൻ, വിജിലൻസ് കൺസർവേറ്റർ ആടലരസൻ , സബ് കളക്ടർ പ്രിയങ്ക, സാമൂഹ്യ വനവല്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എം. ജോഷിൽ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബീന, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.കെ. പവിത്രൻ, പി. സതീശൻ എന്നിവർ പങ്കെടുക്കും.
തിരുവങ്ങൂർ ജംഗ്ഷൻ മുതൽ കാപ്പാട് ബീച്ച് വരെയുള്ള റോഡരികിൽ മരം വെച്ചു പിടിപ്പിക്കുന്ന പരിപാടിക്കും ഇന്ന് തുടക്കമാവും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ വനവൽക്കരണ വിഭാഗം ഉൽപ്പാദിപ്പിച്ച 2.7 ലക്ഷം തൈകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തൊഴിലുറപ്പ് പദ്ധതി പ്രകാരം വെച്ചു പിടിപ്പിക്കാനും വിതരണത്തിനുമായി പഞ്ചായത്തുകളിൽ എത്തിച്ചിട്ടുണ്ട്.