vana
സമഗ്ര ശിക്ഷ കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന വനയാത്ര

കുറ്റ്യാടി : സമഗ്ര ശിക്ഷ കുന്നുമ്മൽ ബി.ആർ.സി.യിലെ തീവ്രചലന പരിമിതിക്കാരായ കുട്ടികൾ കുറ്റ്യാടി പുഴയോരത്ത് പച്ചിലക്കാടൊരുക്കി നാളെയുടെ കരുതലിന് കാവലായി. പുഴയുടെ തീരത്ത് ഒരേക്കറോളം വരുന്ന സ്ഥലത്താണ് പച്ചിലക്കാട് എന്ന പേരിൽ വനവത്ക്കരണം നടത്തുന്നത്. നാടൻ വൃക്ഷങ്ങളും ഔഷധസസ്യങ്ങളും മുളകളും ചേർന്നൊരു കൊച്ചുവനമാണ് ഇവരുടെ ലക്ഷ്യം. നടൻ മോഹൻലാലിൽ നിന്ന് തൈകൾ സ്വീകരിച്ച് സംരംഭത്തിന് തുടക്കമിട്ടു. ചെടി നടാൻ കുട്ടികളോടൊപ്പം നാരീ പുരസ്കാര ജേതാവ് ദേവകി അമ്മയും പങ്കാളിയായി. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്കിൽ, യുവ ശാസ്ത്രജ്ഞനായ ഗോപാൽ ജി , ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ , ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ഗായിക ചിത്ര , എഴുത്തുകാരായ ബന്യാമിൻ, കെ.ആർ മീര, കെ.ജയകുമാർ, ഫാദർ ബോബി തുടങ്ങിയവർ ആശംസ അറിയിച്ചതോടെ കുട്ടികൾക്ക് ആവേശമായി. തീവ്ര ചലന പരിമിതിക്കാരായ കുട്ടികൾക്ക് പരിസ്ഥിതിയെ അറിയാനും പരിസ്ഥിതി സംരക്ഷണത്തിൽ ഏർപ്പെടാനും സഹായിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുന്നുമ്മൽ ബി.ആർ.സി നടത്തിയിട്ടുണ്ട്. ഉറിതൂക്കി മലയിലേക്കുള്ള സാഹസിക യാത്ര, പരിസ്ഥിതി സഹവാസ ക്യാമ്പ്, കിടപ്പിലായ കുട്ടികളുടെ വീട്ടിൽ പൂന്തോട്ടമൊരുക്കുന്ന പൂവിതളും തേൻ കുരുവും പദ്ധതി, കാടിനെ അറിയാൻ വനയാത്രകൾ, കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ഹ്രസ്വചിത്ര നിർമ്മാണം, ഫല വൃക്ഷം നട്ട് പരിപാലിക്കുന്ന മരചങ്ങാതി, രക്ഷിതാക്കൾക്ക് പരിശീലനം നൽകി നിർമ്മിച്ച കടലാസ് പേന, തുണി സഞ്ചി, പച്ചക്കറി വിത്തും വൃക്ഷത്തൈകളും വിതരണം, ഗ്രീൻ സാന്താക്ലോസിന്റെ ഗൃഹസന്ദർശനം തുടങ്ങിയവ അവയിൽ ചിലതുമാത്രം. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും മരുതോങ്കര പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.