കൊടിയത്തൂർ: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ കൊടിയത്തൂർ പഞ്ചായത്തിൽ കരനെൽകൃഷി ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള നിർവഹിച്ചു. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നെത്തിച്ച വിത്ത് കർഷകർക്ക് സൗജന്യമായി നൽകിയാണ് കൃഷി. വളം, പണിക്കൂലി എന്നിവയ്ക്ക് പഞ്ചായത്ത് സഹായം നൽകും. അഞ്ച് ഹെക്ടറോളം സ്ഥലത്ത് കരനെൽകൃഷി ഇറക്കാനാണ് ലക്ഷ്യം. വരാനിരിക്കുന്ന ക്ഷാമകാലം നേരിടാൻ ഫലവൃക്ഷത്തൈ വിതരണം, നെൽകൃഷി, പച്ചക്കറി കൃഷി, കിഴങ്ങുവർഗ്ഗ കൃഷി, തെങ്ങ് കൃഷി എന്നിവയ്ക്കും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ചാലക്കൽ ഭാഗത്ത് ഒരുക്കിയ ഒരേക്കർ കൃഷിയിടത്തിൽ നടന്ന വിത്തിടൽ ചടങ്ങിൽ കൃഷി ഓഫീസർ കെ.ടി.ഫെബിദ, കൃഷി അസിസ്റ്റന്റ് കെ.കെ.ജാഫർ, കെ.എം.സഫറുദ്ധീൻ, റസാഖ് ചാലക്കൽ, സുനിൽ പന്നിക്കോട്, ഹുസൈൻ കുയ്യിൽ, അനസ് താളത്തിൽ തുടങ്ങിയവർ പങ്കെടുത്തു. വരുംദിനങ്ങളിൽ നിലമൊരുക്കൽ പൂർത്തിയായ പത്തോളം കർഷകരുടെ കൃഷിയിടങ്ങളിലും വിത്തിടൽ നടക്കും.