കുറ്റ്യാടി: മനുഷ്യർ പരസ്പരം അകന്നിരിക്കുന്ന കൊവിഡ് കാലത്ത് പ്രകൃതിയിലേക്കും ശില്പങ്ങളിലേക്കും കൂടുതൽ അടുക്കുകയാണ് ചന്ദ്രൻ നാവത്ത്. കള്ളാടി പുഴയുടെസമീപത്തുള്ള തന്റെ വീട് പ്രകൃതിയിലേക്കടുപ്പിക്കുകയാണ് മരുതോങ്കര പഞ്ചായത്തിലെ നാവത്ത് ചന്ദ്രൻ. മുറ്റത്തും സമീപത്തുള്ള സ്ഥലത്തു ഫലവൃക്ഷത്തൈകളും, പൂച്ചെടികളും നട്ടു. അതിനേട് ചേർന്ന് മത്സ്യക്കുളവുമൊരുക്കി.
രണ്ട് നിലയുള്ള വീടിന്റെ രൂപകൽപ നിർവഹിച്ചതും പതിമൂന്ന് വർഷങ്ങൾ കൊണ്ട് അത് പൂർത്തിയാക്കിയതുമെല്ലാം ചന്ദ്രനാണ്. പഠിക്കുമ്പോൾ തന്നെ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നു. നിർമ്മാണ മേഖലയിലെത്തിയപ്പോഴും ജോലി ചെയ്യുന്നിടങ്ങളിൽ വ്യത്യസ്ഥ പുലർത്താൻ ചന്ദ്രന് കഴിഞ്ഞു. ജോലിക്കിടയിലുള്ള ഇടവേളകളിലാണ് വീട് മോടിപിടിപ്പിക്കലും ശില്പനിർമ്മാണവും.
സിമന്റ്, കമ്പി, മണൽ, ചണനാര്, എന്നിവയിലൊരുക്കിയ മാൻ, അരയന്നം, കുരങ്ങ്, മത്സ്യം തുടങ്ങിയ ശില്പങ്ങളും വീട്ടുമുറ്റത്തുണ്ട്. കഴിഞ്ഞ വർഷം കള്ളാട് എൽ.പി സ്‌കൂളിൽ മഹാത്മാ ഗാന്ധിയുടെ ശില്പം നിർമ്മിച്ചു നൽകി. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ശില്പത്തിന്റെ പണിപ്പുരയിലാണ് ചന്ദ്രൻ.
ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ്. കുറ്റ്യാടി കരുണപാലീയേറ്റീവ് സെന്ററിന്റെ മുതിർന്ന പ്രവർത്തകനുമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഭാര്യ ഷിനിയും, മക്കളും, അമ്മ അമ്മാളുവും ഒപ്പമുണ്ട്. മുത്തമകൾ അനീറ്റ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ചിത്രകാരിയായ ഇളയ മകൾ അനീന പ്ലസ് വൺ പഠനത്തിനുള്ള ഒരുക്കത്തിലാണ്.