booth2

വടകര: പുറമേരിയിൽ കൊവിഡ് ബാധിച്ച മത്സ്യവ്യാപാരിയുടെ കടയ്ക്കു നേരെ അക്രമം. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വെള്ളൂർ റോഡിലെ ജെ.ജെ.ചോമ്പാല എന്ന കടയാണ് തകർത്തത്. ഷട്ടർ പൊളിച്ച നിലയിലാണ്. മത്സ്യത്തട്ടും തകർത്തിട്ടുണ്ട്. പലയിടങ്ങളിൽ നിന്നായി എത്തിക്കുന്ന മത്സ്യം സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കടയാണിത്.

വ്യാപാരിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മൽ, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടെയ്‌ൻമെന്റ് സോണായി മാറിയിരിക്കുകയാണ്.

ഈ മേഖലയിലെ മത്സ്യമാർക്കറ്റുകളെല്ലാം അടച്ചിട്ടിട്ടുണ്ട്. നിരവധിയാളുകൾ ഉൾപ്പെട്ടതാണ് സമ്പർക്ക പട്ടിക. ഇതുവരെ പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. കൂടുതൽ ഫലം വരാനുണ്ട്. പരിശോധനാഫലം നെഗറ്റീവായവരും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം.