കൊയിലാണ്ടി: കൊവിഡ് -91ന്റെ പശ്ചാത്തലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലെ മുഴുവൻ വിദ്യാർത്ഥികളിലും എത്തിക്കാൻ കെ.ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി ബദൽ സംവിധാനം ഈ മാസം എട്ടിനകം ഒരുക്കാനും തീരുമാനിച്ചു. കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളിലും ഇതു സംബന്ധിച്ച യോഗം വിളിക്കും. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ വീടിനടുത്തായി കൂടുതൽ പഠനകേന്ദ്രം സജ്ജമാക്കാനും തീരുമാനിച്ചു.
നഗരസഭാ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ പയ്യോളി നഗരസഭാ ചെയർപേഴ്‌സൺ വി.ടി.ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അശോകൻ കോട്ട്, ഷീജ പട്ടേരി, കരുണാകരൻ കൂമുള്ളി, രമ ചെറുകുറ്റി, കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.ഷിജു, എ.ഇ.ഒമാരായ സുധ, രാജീവ് എന്നിവരും ബി.ആർ.സി ചുമതലക്കാരായ ഗിരി, അനുരാജ് എന്നിവരും പങ്കെടുത്തു.