ഓമശ്ശേരി: ഓമശ്ശേരി ബസ്‌സ്റ്റാന്റ് നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭം ആരംഭിക്കുന്നു. 50 ലക്ഷത്തിലധികം രൂപ വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച പുതിയ ബസ്‌സ്റ്റാന്റ് വാഹനങ്ങൾ കയറുന്നതിനു മുമ്പ് തകർന്നെന്നും കോൺക്രീറ്റ് ഒലിച്ചുപോയി കമ്പികൾ പുറത്തു കാണുന്ന നിലയിലാണെന്നും സി.പി.എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടക്കത്തിൽ തന്നെ വലിയ ക്രമക്കേട് ചൂണ്ടിക്കാണിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിഷയം ഉയർത്തി എല്ലാ വാർഡ് കേന്ദ്രങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണം പാലിച്ച് സമരം നടത്താനാണ് തീരുമാനം. വാർത്താസമ്മേളനത്തിൽ സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ.കെ.രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറിമാരായ ഒ.കെ. സദാനന്ദൻ, ടി. മനോജ് കുമാർ, പഞ്ചായത്ത് അംഗം കെ. പി. കുഞ്ഞമ്മദ്, ലോക്കൽ കമ്മിറ്റി അംഗം കെ.കെ.മനോജ് കുമാർ എന്നിവർ പങ്കെടുത്തു.