കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിനിടെ എത്തിയ കനത്ത മഴയ്‌ക്ക് പിന്നാലെ ഡെങ്കിപ്പനിയും ജില്ലയിൽ പിടിമുറുക്കുന്നു. കൊവിഡിനെതിരെ പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് താഴെത്തട്ടിലേക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജില്ലയിൽ കുന്ദമംഗലത്താണ് ആദ്യം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തത്. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഫലപ്രദമായ പ്രതിരോധ മാർഗം.

കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗിയെ കടിച്ച ശേഷം കൊതുക് ആരോഗ്യമുള്ള ആളിലെത്തുമ്പോഴാണ് ഡെങ്കിപ്പനി പടരുന്നത്. ഈഡിസ് ഈജിപ്റ്റി കൊതുകാണ് ഡെങ്കൂ വൈറസ് വാഹകർ. നമ്മുടെ നാട്ടിലെ വരയൻ കൊതുകുകളാണിത്. ഇത്തരം കൊതുകുകൾ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്.

 രോഗലക്ഷണം

വൈറൽ പനിയുടെ ലക്ഷണങ്ങളായതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാനാകില്ല. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ശക്തമായ നടുവേദന, കണ്ണിനു പുന്നിലെ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ടാകാനും സാദ്ധ്യതയുണ്ട്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. ആരംഭത്തിൽ അസുഖം കണ്ടുപിടിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം.

ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്നു തോന്നിയാൽ ധാരാളം വെള്ളം കുടിക്കണം. പനിയ്‌ക്കുള്ള മരുന്ന് കൊടുത്തതിന്‌ ശേഷം പെട്ടെന്ന് ആശുപത്രിയിൽ ചികിത്സ തേടണം. സ്വയം ചികിത്സയ്ക്ക് മുതിരരുത്.

 തുരത്തേണ്ടത് കൊതുകിനെ

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ കെട്ടി നിൽക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽകൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ലോക്ക് ഡൗണിൽ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ കെട്ടിടം, ടെറസ്, സൺഷേഡ്, പരിസരം എന്നിവടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി കളയണം. ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനുമടക്കമുള്ള പൊതുസ്ഥലങ്ങളിൽ കെട്ടിനിൽക്കുന്ന കൂത്താടികളെ നശിപ്പിക്കണം.

 അപകടമായി കിയോസ്‌കുകൾ

ബ്രേക്ക് ദി ചെയിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സ്ഥിപിച്ച വെള്ളം സംഭരണികൾ കഴുകി വൃത്തിയാക്കണം. മാർക്കറ്റുകളിലെ മത്സ്യം സൂക്ഷിക്കുന്ന പെട്ടികൾ, വീട്ടുമുറ്റത്തും പുരയിടത്തും വലിച്ചെറിയുന്ന പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്‌ത്തി വയ്‌ക്കുകയോ ചെയ്യണം. റബർ മരങ്ങളിലെ ചിരട്ടകളിലും കമുകിൻ പാളകളിലും മരപ്പൊത്തുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലും കൊതുക് മുട്ടയിടാം. അതിനാൽ തോട്ടങ്ങളിൽ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.

പൂച്ചട്ടികൾ, ഫ്രിഡ്‌ജിന് അടിയിലെ പാത്രങ്ങളിലും ട്രേയിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. ജലം സംഭരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.