കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകളിലും വറുതിയിൽ വലിഞ്ഞ് മുറുകുകയാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്നെത്തിയ ട്രോളിംഗ് നിരോധനമാണ് തീരത്തിന് ഇരുട്ടടിയായത്. ഒപ്പം കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.
ഒൻപതിന് അർദ്ധരാത്രി ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലായ് 31നാണ് അവസാനിക്കുക. അതുവരെ ബോട്ടുകൾ കടലിൽ ഇറക്കാനാകില്ല. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുത്തവർക്ക് അറബിക്കടലിലെ ന്യൂനമർദ്ദമാണ് തടസമായത്. കടൽ പ്രക്ഷുബ്ദമായതോടെ മത്സ്യബന്ധനത്തിന് വിലക്ക് വീഴുകയായിരുന്നു.
മുമ്പ് ട്രോളിംഗ് നിരോധന സമയത്തെ വറുതി നേരിടാൻ മത്സ്യത്തൊഴിലാളികൾ മുൻകരുതൽ എടുത്തിരുന്നു. ഇത്തവണ അതിന് കഴിഞ്ഞിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ സർക്കാറിൽ നിന്ന് അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
ഇരുട്ടടിയായി ട്രോളിംഗ് നിരോധനം
ജില്ലയിൽ 1,222 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളടക്കം 6,103 യാനങ്ങളാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ചെറുവള്ളങ്ങളിലും മറ്രും മീൻ പിടിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം ബാധകമല്ല. ട്രോളിംഗ് കാലയളവിൽ പരമ്പരാഗത ഔട്ട് ബോർഡ്, ഇൻബോർഡ് യാനങ്ങൾക്ക് മാത്രമേ മത്സ്യ ബന്ധനത്തിന് അനുമതിയുള്ളൂ. ട്രോളിംഗ് നിരോധനകാലത്ത് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ബയോ മെട്രിക് കാർഡ് കരുതിയിരിക്കണം. ലൈഫ് ജാക്കറ്റ്, ഇന്ധനം, ടൂൾ കിറ്റ് എന്നിവ വള്ളത്തിലുണ്ടായിരിക്കണം.
നടപടി ശക്തം
ട്രോളിംഗ് നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഹാർബറുകളും ലാൻഡിംഗ് സെന്ററുകളും തീരദേശ പൊലീസും മറൈൻ എൻഫോഴ്‌മെന്റും പരിശോധിക്കും. സൗജന്യ റേഷൻ മാത്രമാണ് തൊഴിൽ നഷ്‌പ്പെടുന്ന ബോട്ടുകളിലെയും ഹാർബറിലെയും തൊഴിലാളികൾക്കുള്ള ഏക ആശ്രയം.