കോഴിക്കോട്: വനവത്കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി മാറണ്ടതുണ്ടെന്ന്
മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും കളക്ടറേറ്റ് വളപ്പിൽ നിർവഹിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതാപനവും പരിസ്ഥിതി അസന്തുലിതാവസ്ഥയും കൂടിവരുമ്പോൾ വനവത്കരണത്തിന് ഏറെ പ്രസക്തിയുണ്ട്. 27 വരെ സംസ്ഥാനത്ത് ഒരു കോടിയിൽപരം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. ഓരോ വീട്ടിലും പുതുതായി ഒരു വൃക്ഷത്തൈ എന്നാണ് ലക്ഷ്യമിടുന്നത്. റോഡരികിലും പൊതുവിടങ്ങളിലും വൃക്ഷത്തൈകൾ നടും. ഭാവി തലമുറയുടെ ഭക്ഷ്യസുരക്ഷ മുൻനിർത്തി ഫലവൃക്ഷത്തൈകളാണ് മുഖ്യമായും നടുക.

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി തരിശുഭൂമിയിലടക്കം കൃഷി ആരംഭിക്കും. തരിശുഭൂമിയിൽ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 40,000 രൂപ സർക്കാർ നൽകുന്നുണ്ട്. നാടാകെ ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് വളപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവരും വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ശശി പൊന്നണ, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.