കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് നൽകുന്നതിലേറെ സമ്മാനത്തുക നാടക അവാർഡുകാർക്കാണ് ലഭിക്കേണ്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

താരതമ്യേന എളുപ്പമാണ് സിനിമാഭിനയം. എന്നാൽ ഒരു നാടകത്തിൽ അഭിനയിക്കാനാണെങ്കിൽ ചിലപ്പോൾ മാസങ്ങളോളം റിഹേഴ്സൽ വേണ്ടിവരും. രണ്ടു കോടി പ്രതിഫലം വാങ്ങി അഭിനയിക്കുന്ന സിനിമാ നടന് അവാർഡ് തുകയായി രണ്ടു ലക്ഷം കിട്ടുമ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്ന നാടക നടന് വെറും പതിനായിരമോ ഇരുപതിനായിരമോ ആണ് സമ്മാനത്തുക. യുവകലാസാഹിതി നാടകഗ്രാമം എഫ്.ബി പേജിൽ 'നാടക വർത്തമാനങ്ങൾ' സംവാദ പരിപാടിയുടെ 25-ാം ദിവസത്തെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് മുകളിലാണ് നാടകത്തിന്റെ സ്ഥാനം. സിനിമ ഒഴിവാക്കി നാടകത്തിൽ അഭിനയിക്കാൻ മത്സരിക്കുന്ന ഹോളിവുഡ് നടന്മാരുണ്ട്. അതാണ് യഥാർത്ഥ അഭിനയമെന്ന് അവർക്കറിയാം. എന്നാൽ ഇവിടെ നാടകത്തെയും നാടക നടൻമാരെയെയും രണ്ടാംകിടക്കാരായി കാണുകയാണ്.