കോഴിക്കോട്: സീനിയർ ഡോക്ടർമാർ ഉൾപ്പെടെ 210 പേർ നിരീക്ഷണത്തിലായതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലേക്ക്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതിസങ്കീർണാവസ്ഥയിലെത്തിയ ഗർഭിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 107 ഡോക്ടർമാരാണ് നിരീക്ഷണത്തിലേക്ക് കടന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്ന ഗർഭിണിയെ ന്യൂറോളജിസ്റ്റും കാർഡിയോളജിസ്റ്റുമടക്കം പരിശോധിച്ചിരുന്നു. ഇവരൊക്കെയും ക്വാറന്റൈനിൽ കഴിയാൻ നിർബന്ധിതരായി.
അതിനിടെ, 28ന് ആരംഭിക്കുന്ന പരീക്ഷയ്‌ക്കായി അവസാനവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇന്നലെ മുതൽ അവധി നൽകിയിരിക്കുകയാണ്. ഇനി ഇവർക്ക് തിയറി ക്ളാസുമില്ല. ഫലത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ മൂന്നിലൊന്ന് മാത്രമേ ആശുപത്രിയിലുണ്ടാകൂ. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനം കൊവിഡ് കാരണം പൂർത്തിയായിട്ടുമില്ല.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിന് സ്റ്റാഫ് കുറയുന്നത് കാര്യമായ പ്രശ്നം സൃഷ്ടിക്കും. ഇപ്പോൾ തന്നെ മിക്ക ഡോക്ടർമാരും അവധിയെടുക്കാതെ ജോലി ചെയ്യുകയാണ്.
നിരീക്ഷണത്തിലായവർ
ഡോക്ടർമാർ - 107
നഴ്സുമാർ - 42
പാരമെഡിക്കൽ ജീവനക്കാർ - 47
മറ്റ് ജീവനക്കാർ - 14