covid-19

കോഴിക്കോട്: ജയിൽ ക്വാറന്റൈൻ സെന്ററുകളിൽ ഡ്യൂട്ടിയ്ക്കുള്ള ഉദ്യോഗസ്ഥർ ഓരോ ദിവസവും തള്ളിനീക്കുന്നത് വല്ലാത്ത നെഞ്ചിടിപ്പോടെ. കൊവിഡ് പിടികൂടുമോ എന്ന ഭയത്തേക്കാളേറെ പ്രതികൾ പഴുതുകൾ കടന്ന് തടവു ചാടുമോ എന്ന ആശങ്കയാണ്.

കോടതി റിമാൻഡ് ചെയ്യുന്ന പ്രതികളെ ഇപ്പോൾ നേരിട്ട് തടവറയിലിലേക്ക് കയറ്റുന്നില്ല. ജയിൽ ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ച്, പരിശോധനാഫലം നെഗറ്റീവെന്ന് ഉറപ്പാക്കിയ ശേഷമേ ജയിലിലേക്ക് വിടുന്നുള്ളൂ. പലയിടത്തും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളാണ് ജയിൽ ക്വാറന്റൈൽ സെന്റർ. ഇവിടങ്ങളിലൊന്നും തടവുകാരെ പാർപ്പിക്കാൻ അടിസ്ഥാന സുരക്ഷാസംവിധാനമില്ല. ഉറക്കമൊഴിച്ച് കാവലിരുന്നാലും വിരുത് കൂടിയവർക്ക് പഴുത് കണ്ടെത്തുക വിഷമം പിടിച്ച പണിയല്ല. പ്രതി രക്ഷപ്പെട്ടാൽ ഉത്തരവാദിത്വം ജയിൽ ഉദ്യോഗസ്ഥർക്ക് മാത്രം.

ക്വാറന്റൈൻ സെന്ററിലെ ജയിൽ ഉദ്യോഗസ്ഥർക്ക് ഒരാഴ്ചയാണ് ഡ്യൂട്ടി. ഇവിടങ്ങളിൽ നിയോഗിക്കുന്നപ്പെടുന്നവർക്ക് സ്വയരക്ഷയ്ക്കായി ആകെ ലഭിക്കുന്നത് മാസ്‌കാണ്. അന്യസംസ്ഥാനങ്ങളിൽ അറസ്റ്റിലായി എത്തുന്ന പ്രതികൾ കുറവല്ല. പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ ഹോട്ട്സ്പോട്ടുകളിൽ ഒളിച്ചുകഴിഞ്ഞ ശേഷം പിടിയിലായവരുമുണ്ട്. ഇത്തരക്കാരുമായുള്ള സമ്പർക്കത്തിൽ ഏതുനിമിക്ഷവും വൈറസ് ബാധയുണ്ടാവാമെന്നിരിക്കെ, ആരോഗ്യ പ്രവർത്തകർക്കെന്ന പോലെ പി.പി.ഇ കിറ്റുകൾ നൽകണമെന്ന ആവശ്യമാണ് ജയിൽ ഉദ്യോഗസ്ഥരുടേത്.

ക്വാറന്റൈൻ സെന്ററിൽ ഒരാഴ്ച ജോലി ചെയ്യുന്നവർ പിന്നെ ഒരാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞിരിക്കണമെന്നുമുണ്ട്. ഇതിനായി ജയിൽ വകുപ്പ് പ്രത്യേകിച്ച് സൗകര്യമൊന്നും ഏർപ്പെടുത്തിയിട്ടില്ല. വാസയോഗ്യമല്ലാത്ത പഴയ ജയിൽ ക്വാർട്ടേഴ്‌സുകളിലാണ് ഇപ്പോൾ പലരും കഴിഞ്ഞുകൂടുന്നത്.

അതിനിടെ, പരീക്ഷകൾക്ക് വീണ്ടും തീയതിയായതോടെ കോളേജ് ഹോസ്റ്റലുകൾ ഒഴിയാൻ ആവശ്യമുയർന്നിരിക്കുകയാണ്. ഇനിയൊരു മാറ്റം വന്നാൽ ബദൽ സംവിധാനം കൂടുതൽ വെല്ലുവിളി നിറഞ്ഞതാവുമോ എന്ന ആധിയുമുണ്ട് ഉദ്യോഗസ്ഥർക്ക്.