കോഴിക്കോട്: മണിയൂർ സ്വദേശിനിയായ ഗർഭിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ 107 ഡോക്ടർമാർ ഉൾപ്പെടെ 190 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലായി. ഇവരുടെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മേയ് 24നാണ് 28കാരിയെ മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണമോ രോഗബാധിതരുമായി സമ്പർക്കമോ ഉണ്ടായിരുന്നില്ല. പ്രസവാവസ്ഥ മോശമായതിനാൽ അന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.നില ഗുരുതരമായപ്പോൾ സീനിയർ സർജൻ, ന്യൂറോ വിദഗ്ദ്ധൻ, പീഡിയാട്രിക് സർജൻ, കാർഡിയോളജിസ്റ്റ് തുടങ്ങിയവർ പരിശോധിച്ചിരുന്നു.
സുഖം പ്രാപിക്കുന്നതിനിടെ ജൂൺ രണ്ടിന് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു.ഇന്നലെ ഫലം വന്നു. യുവതിയ്ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. ഇത്രയധികം ആരോഗ്യ പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നിരീക്ഷണത്തിൽ പോകുന്നത് ഇതാദ്യമാണ്.