കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം നടപ്പിലാക്കുന്ന പ്ലാന്തണൽ കൂട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ. കെ.ശശീന്ദ്രൻ നിർവഹിച്ചു. ഗസ്റ്റ് ഹൗസ് പരിസരത്ത് പ്ലാവിൻ തൈ നട്ടായിരുന്നു ഉദ്ഘാടനം. ലോക്ക് ഡൗണിൽ വളണ്ടിയർമാർ വീടുകളിൽ തയ്യാറാക്കിയ പ്ലാവിൻ തൈകളാണ് പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും നട്ടുപിടിപ്പിച്ചത്. ജില്ലയിലെ 13900 വളണ്ടിയർമാർ 10 തൈകൾ വീതമാണ് വീട്ടുകാരുടെ സഹായത്തോടെ തയ്യാറാക്കിയത്. ഒന്നേകാൽ ലക്ഷം പ്ലാവിൻ തൈകൾ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ചു . എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ എസ്.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ ഷാജി, കെ.ബിന്ദു, ജിയ എലേന ജോൺ എന്നിവർ പ്രസംഗിച്ചു.