തലയാട്: കൈയ്യേറ്റവും മണ്ണിടിച്ചിലും കാരണം മൂടിപ്പോയ തോട് മഴയിൽ പൂർവ്വ സ്ഥിതിയിലായി. തലയാട് പേര്യമലയിൽ നിന്ന് പൂനൂർ പുഴയിൽ വന്നു ചേരുന്ന ഇടുങ്ങിയ നീർചാലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വീതിയേറിയ തോടായി മാറിയത്. കൈയ്യേറ്റവും മണ്ണിടിച്ചിലും വ്യാപകമായതോടെ ചളിയും മണ്ണും ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി നിരവധി കിണറുകളും നീരുറവകളും ഉപയോഗശൂന്യമായിരുന്നു. പൂർവ്വ സ്ഥിതിയിലായ തോട് പുതുക്കിപ്പണിയാൻ പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാന്റെ നേതൃത്വത്തിൽ പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഇത്തരം തോടുകൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നാൽ പുനരുജ്ജീവിപ്പിക്കുമെന്ന് വാർഡ് മെമ്പർ പി.ആർ.സുരേഷ് പറഞ്ഞു.