കോഴിക്കോട്: ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും ഒരാൾ മുംബയിൽ നിന്നുമാണെത്തിയത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 48 ആയി. കണ്ണൂരിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയും, കോഴിക്കോട് ചികിത്സയിലുള്ള കാസർകോട്ടുകാരനും രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച കൊടുവള്ളി സ്വദേശിയായ യുവാവ് മേയ് 29 ന് മുംബയിൽ നിന്നാണ് എത്തിയത്. തുടർന്ന് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ ഒന്നിന് രോഗം സ്ഥിരീകരിച്ചകോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. മാവൂർ സ്വദേശിയായ യുവാവ് മേയ് 23നാണ് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയത്. ജൂൺ ഒന്നിന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
അത്തോളി സ്വദേശിയായ യുവാവ് ദുബായിൽ നിന്ന് മേയ് 23ന് കരിപ്പൂരിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. അർബുദത്തിന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന കോട്ടൂളി സ്വദേശിയായ വൃദ്ധന് (82) ജൂൺ രണ്ടിന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശി (32), മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന കാസർകോട് സ്വദേശി (38) എന്നിവരാണ് ആശുപത്രി വിട്ടത്.
ജില്ലയിലെ പുതിയ കണക്കുകൾ
ജില്ലയിൽ ആകെ ചികിത്സയിലുള്ളവർ- 48
മെഡിക്കൽ കോളേജിലുള്ളത്- 18
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ളത്- 26
കണ്ണൂരിൽ ചികിത്സയിലുള്ളത്- 2
മഞ്ചേരി മെഡിക്കൽ കോളേജിൽ-1
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ- 1
സ്രവ പരിശോധന
ഇന്നലെ പരിശോധനയ്‌ക്ക് അയച്ച സ്രവ സാമ്പിൾ- 249
ആകെ അയച്ച സാമ്പിൾ- 6249
ഫലം നെഗറ്റീവായത്- 5877
ലഭിക്കാനുള്ള ഫലം- 258
നിരീക്ഷണത്തിന്റെ കണക്കുകൾ
ഇന്നലെ വന്നവർ- 975
ആകെ നിരീക്ഷണത്തിലുള്ളത്- 7817
നിരീക്ഷണം പൂർത്തിയാക്കിയത്- 33,401
ആശുപത്രികളിലുള്ളത്- 131
ഇന്നലെ നിരീക്ഷണത്തിലായ പ്രവാസികൾ- 366
നിരീക്ഷണത്തിലുള്ള ആകെ പ്രവാസികൾ- 3397