കോഴിക്കോട്: വീടുകളിൽ ടി.വി, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ 360 പൊതു പഠനകേന്ദ്രങ്ങൾ നാളെയോടെ സജ്ജമാവുമെന്ന് സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ.അബ്ദുൾ ഹക്കീം അറിയിച്ചു. പ്രവർത്തനമാരംഭിച്ച 160 സെന്ററുകൾക്ക് പുറമെ 200 കേന്ദ്രങ്ങളിൽ കൂടി കേബിൾ കണക്ഷനോടു കൂടി ടെലിവിഷനൊരുക്കാനും ഓൺലൈൻ പഠനകേന്ദ്രങ്ങളാക്കി മാറ്റാനും ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പുതുതായി സജ്ജമാക്കുന്ന കേന്ദ്രങ്ങളിലേക്ക് ടെലിവിഷൻ വ്യവസായ വകുപ്പും സന്നദ്ധ സംഘടനകളും നൽകും. വീട്ടിൽ ടി.വിയില്ലാത്ത കുട്ടികൾ ഏത് സെന്ററുകളിലാണ് പഠിക്കാനെത്തുന്നതെന്ന് ക്ലാസ് ടീച്ചർമാർ ഉറപ്പുവരുത്തണം. വിക്ടേഴ്‌സ് ചാനലിലെ ക്ലാസിനുശേഷം കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല സെന്ററിൽ ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകർക്ക് നൽകണം.
കുട്ടികളുടെ ഹാജർ നില ഉറപ്പാക്കുകയും ക്ലാസിലെത്താത്ത കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും വേണം. പൊതുകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മാത്രമേ സ്‌കൂളുകളും അയൽ വീടുകളും ഇതിനായി ക്രമീകരിക്കാവൂ. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, എ.ഇ.ഒ, ബി.പി.സി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും തീരുമാനിച്ചു. മലയോര പ്രദേശങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ കൂടുതലായും ആരംഭിക്കുക. പട്ടികജാതി-വർഗ വകുപ്പുകൾക്ക് കീഴിലുള്ള വിജ്ഞാൻവാടികളെയും പ്രീ-മെടിക് ഹോസ്റ്റലുകളെയും പഠനകേന്ദ്ര ങ്ങളാക്കും. കേബിൾ കണക്ഷനില്ലാത്ത സ്ഥലങ്ങളിൽ ഉടൻ കണക്ഷനെത്തിക്കും.