കോഴിക്കോട്: പഠനം ഒാൺലൈനായതോടെ വഴിമുട്ടിയത് സ്കൂൾ ഓട്ടം പോകുന്ന ഓട്ടോറിക്ഷക്കാരുടെ ജീവിതം.രാവിലെയും വൈകീട്ടും രണ്ടോ മൂന്നോ മണിക്കൂർ സമയത്തെ ഓട്ടമായിരുന്നു ഇവരുടെ പട്ടിണി അകറ്റിയത്. മാസം കിട്ടുന്ന ഇരുപതിനായിരം രൂപയിൽ നിന്ന് വാഹന ലോണും മറ്റ് കടങ്ങളും തീർത്തുപോകുന്നവരുമുണ്ട്. അധിക വരുമാനമായി കിട്ടുന്ന തുകയിൽ ജീവിത ചിലവുകൾ കണ്ടെത്തുന്നവരും കുറവല്ല. എന്നാൽ സ്കൂൾ അടച്ചിടൽ ഇവർക്ക് കനത്ത പ്രഹരമായിരിക്കുകയാണ്.
സ്കൂൾ ബസ് ഡ്രൈവർമാർ, സ്കൂളിലെ ശുചീകരണ തൊഴിലാളികൾ, പാചക തൊഴിലാളികൾ, കാന്റീൻ തൊഴിലാളികൾ എന്നിവരും സമാന പ്രശ്നങ്ങൾ തന്നെയാണ് പങ്കുവയ്ക്കുന്നത്. ഓൺലൈൻ ക്ളാസുകൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയിലാണ് ഇവർ. ലോക്ക് ഡൗൺ ഇളവുകളുണ്ടെങ്കിലും സാധാരണ ഒാട്ടം പോലും കിട്ടുന്നില്ലെന്ന സങ്കടമാണ് ഒാട്ടോ തൊഴിലാളികൾ പങ്കുവയ്ക്കുന്നത്.
സ്കൂൾ എന്ന് തുറക്കുമെന്ന് അറിയില്ല.തുറന്നാലും സാമൂഹിക അകലം പാലിച്ചുള്ള യാത്ര സാധ്യമല്ല.കിട്ടുന്ന തുക ഡീസൽ അടിക്കാനെ തികയുന്നുള്ളൂ. എത്രയും വേഗം സ്കൂളുകൾ തുറന്ന് പഴയപടിയാകുമെന്നാണ് പ്രതീക്ഷ.
വിജയൻ ഓട്ടോ തൊഴിലാളി, കുന്ദമംഗലം