കോഴിക്കോട്: കൊവിഡ് സ്ഥീരികരിച്ച വ്യക്തികളിൽ ഒരാൾക്ക് പല വ്യക്തികളുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച മാവൂർ ഗ്രാമപഞ്ചായത്തിൽ നിയന്ത്രണം ശക്തം. അഞ്ചിൽ കൂടുതൽ പേർ കൂട്ടം ചേരരുതെന്ന നിർദ്ദേശമുള്ളതിനാൽ പലയിടത്തും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു.

ഭക്ഷ്യ- അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ എട്ട് മുതൽ വെെകീട്ട് അഞ്ചു മണിവരെയായി ചുരുങ്ങി. കടകളിൽ ആളുകളെത്തുന്നതും കുറവായിരുന്നു. സംസ്ഥാനപാത ഒഴികെയുള്ള റോഡുകളിൽ പൊതുഗതാഗതം നിരോധിച്ചതിനാൽ ബസുകൾ ഓടിയില്ല. അതെസമയം അവശ്യവസ്തു വിതരണം, അടിയന്തര വൈദ്യസഹായം എന്നിവയ്ക്കുള്ള വാഹനങ്ങൾ നിരത്തിലിറങ്ങി.
ആരോഗ്യകേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയും പ്രവർത്തിച്ചു. പഞ്ചായത്തിൽ പോലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്.