കോഴിക്കോട്: വനിത കമ്മീഷൻ സർക്കാറിന്റെ ചട്ടുകമായി മാറിയെന്ന് കെ. മുരളീധരൻ എം.പി ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിയെന്നാൽ കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ പ്രസ്താവന അപലപനീയമാണ്. വനിത വിരുദ്ധ കമ്മീഷനാണ് ഇപ്പോഴുള്ളത്. തെറ്റുപറ്റിയെന്നും നാക്കുപിഴയാണെന്നും തുറന്നു പറയാൻ ജോസഫൈൻ തയാറാവണം. അല്ലെങ്കിൽ സ്ഥാനമൊഴിയണം. വളാഞ്ചേരിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് ചെരിഞ്ഞ പിടിയാനയോടുള്ള പരിഗണന പോലും ലഭിച്ചില്ല. വിഷയത്തിൽ പ്രതികരിക്കാതെ സാംസ്‌കാരിക നായകർ ഒളിച്ചോടി. സംസ്ഥാനത്ത് കൊവിഡ് പ്രൊട്ടോകോൾ ലംഘിക്കുന്നതാണ് സമൂഹ വ്യാപനത്തിന് കാരണം. ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അലംഭാവം തുടരുകയാണ്. കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾക്ക് അപേക്ഷ നൽകിയെങ്കിൽ അതിന്റെ കോപ്പി മുഖ്യമന്ത്രി ഹാജരാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.