കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ ചാലിയാർ ദോഹ പരിസ്ഥിതി ബോധവത്കരണവും വൃക്ഷതൈ നടലും സംഘടിപ്പിച്ചു. 'കൊവിഡാനന്തരം പുതിയ ലോകക്രമത്തിൽ പരിസ്ഥിതി എന്തായിരിക്കണം' എന്ന ശീർഷകത്തിൽ പരിസ്ഥിതി പ്രവർത്തകരായ സി.ആർ.നീലകണ്ഠൻ, ഹാമിദലി വാഴക്കാട് എന്നിവർ സൂം ഓൺലൈൻ പ്രോഗ്രാമിൽ സംവദിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം വായിച്ചു. നാട്ടിലും ഖത്തറിലെ വിവിധയിടങ്ങളിലും വൃക്ഷതൈകൾ നടലിന്റെ ഉദ്ഘാടനം ഖത്തർ സ്വദേശി മുഹമ്മദ് അൽ ഖാലിദി നിർവഹിച്ചു.
ചാലിയാർ ദോഹ വനിതാ ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രസംഗ- ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി.മഷ്ഹൂദ് പ്രസംഗിച്ചു. ചാലിയാർ ദോഹ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഫറോക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീൽ ചാലിയം സ്വാഗതവും ട്രഷറർ കേശവദാസ് നിലമ്പൂർ നന്ദിയും പറഞ്ഞു. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.