കോഴിക്കോട്: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രി അറിയിച്ചു. ജലജന്യരോഗങ്ങൾ, കൊതുകുജന്യരോഗങ്ങൾ, വൈറൽ പനികൾ എന്നിവ പിടിപെടാൻ സാദ്ധ്യതയുള്ളതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ആഹാര ശുചിത്വവും പാലിക്കണം. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക. വ്യക്തിഗത സുരക്ഷമാർഗ്ഗങ്ങളായ കൊതുകുവല, ലേപനം എന്നിവ ഉപയോഗിക്കുക. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലും, ക്ലീനിംഗ് ക്യാമ്പയിനുകളിലും വിവിധ വകുപ്പുകൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ആരോഗ്യ വളണ്ടിയർമാർ തുടങ്ങിയവർ സാമൂഹിക അകലം പാലിച്ച് പരിപാടികൾ നടപ്പിലാക്കണമെന്നും ഡി.എം.ഒ വ്യക്തമാക്കി.