കൊയിലാണ്ടി: ചെങ്ങോട്ട്കാവ് അരങ്ങാടത്തത് പുതിയ കിണറിന്റെ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണനാണ് (58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് തൊഴിലാളികൾ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തിന് ചീനക്കാരകത്ത് ഷാഹിദിന്റെ ഉടമസ്ഥതയിലുള്ള മാവുള്ളി പുറത്തുട്ട് പറമ്പിലായിരുന്നു സംഭവം.
നിർമ്മാണത്തിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. നാരായണനോടൊപ്പം മറ്റൊരു തൊഴിലാളിയായ അശോകനും കിണറ്റിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അശോകനെ പുറത്തെടുത്തു. എന്നാൽ പൂർണമായും മണ്ണിനടിയിലായ നാരായണനെ ഉച്ചയ്‌ക്ക് ഒന്നോടെ പുറത്തെടുത്തെങ്കിലും മരിച്ചു.