കോഴിക്കോട്: സ്കൂളുകളിൽ മുഴുവൻ ക്ലാസുകളിലേക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂനിയൻ(കെ.എസ്.ടി.യു) ജില്ല പ്രസിഡന്റ് കെ.എം.എ.നാസർ ജനറൽ സെക്രട്ടറി കിളിയമ്മൽ കുഞ്ഞബ്ദുല്ല എന്നിവർ ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനപ്പെടണമെങ്കിൽ പാഠപുസ്തകങ്ങൾ അത്യാവശ്യമാണ്. പാഠപുസ്തകങ്ങൾ എപ്പോൾ വിതരണം ചെയ്യുമെന്ന് പറയാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണ്.
അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന അദ്ധ്യാപക തസ്തികൾ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവിലെ തസ്തികകൾ പഴയ അനുപാതത്തിൽ തുടരാനും പുതുക്കിയ അനുപാതം പുതിയ തസ്തികകൾക്ക് മാത്രമായി നിജപ്പെടുത്തണമെന്നും എയ്ഡഡ് സ്‌കൂളിനോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.