കോഴിക്കോട്: ജോലി നഷ്ടപ്പെട്ടും പ്രവാസം അവസാനിപ്പിച്ചും തിരിച്ചെത്തുന്ന മലയാളികൾക്ക് തൊഴിൽ നൽകാൻ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലെ തൊഴിലിൽ അമ്പതു ശതമാനം സ്വദേശികൾക്കു നൽകണമെന്ന് വ്യവസ്ഥ ചെയ്യണം. നിർമ്മാണ മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും നാട്ടുകാരുടെ എണ്ണം കുറവാണ്. കൃഷിയടക്കമുള്ള ജോലികൾ ചെയ്യാൻ യുവതി-യുവാക്കൾ മുന്നോട്ടു വരണം. വിദഗ്ധ ജോലികൾക്ക് യുവാക്കളെ പ്രാപ്തരാക്കാൻ നൈപുണി വികസന കേന്ദ്രങ്ങൾ തുടങ്ങണം.തിരിച്ചെത്തുന്നവരുടെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.