കോഴിക്കോട് : വന്യമൃഗ ശല്യം പരിഹരിക്കാനാവശ്യമായ മുൻകരുതലും മാർഗങ്ങളും സ്വീകരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹവും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. വന്യമൃഗത്തെ പിടികൂടുന്നതിന് വയനാട്ടിൽ നിന്ന് കൂടുതൽ കൂടുകളും കാമറകളും കൊണ്ടുവന്ന് വനമേഖലയിൽ സ്ഥാപിക്കും. നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കും. മയക്കുവെടി വെക്കേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കും. ഇക്കാര്യം വനം മന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യം നേരിടുന്നതിനായി റാപ്പിഡ് റെസ്‌പോൺസ് ടീമിനെ ചെമ്പനോട ഭാഗത്ത് നിയോഗിക്കും. വന്യമൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപെട്ടയാൾ ക്ക് വെറ്റിനറി സർജന്റെ റിപ്പോർട്ട് കിട്ടിയതിനു ശേഷം കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനിൽ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ
എം.കുഞ്ഞമ്മദ്, ജില്ലാ വനംവകുപ്പ് ഓഫീസർ കെ.രാജീവൻ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.ഷജീവ്, ഫ്രാൻസിസ് കിഴക്കരക്കാട്ട് എന്നിവർ പങ്കെടുത്തു.