കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 102 ലേക്ക് ഉയർന്നു.

പരിശോധനയിൽ ഇന്നലെ പോസറ്രീവെന്ന് കണ്ടെത്തിയ ആറു പേരും വിദേശത്ത് നിന്ന് എത്തിവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ഇന്നലെ രോഗമുക്തി നേടി.

ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചവർ ഇവർ: 1. ഉണ്ണികുളം സ്വദേശി (26). ജൂൺ രണ്ടിന് സൗദിയിൽ നിന്നെത്തി. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവായി.

2. അഴിയൂർ സ്വദേശി (24). ജൂൺ രണ്ടിന് കുവൈത്തിൽ നിന്നെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

3.ഓമശ്ശരി സ്വദേശി (55). മേയ് 31 ന് റിയാദിൽ നിന്നെത്തി കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു.

4. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി (22) മേയ് 28 ന് ദുബായിൽ നിന്നെത്തി കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു.

5. വേളം സ്വദേശി (28). മേയ് 28 ന് ദുബായിൽ നിന്നെത്തി കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു.

6. ചങ്ങരോത്ത് സ്വദേശി (43). മേയ് 29 ന് കുവൈത്തിൽ നിന്നെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കൊവിഡ് ഫസ്റ്റ് ലൈൻ ടീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികിത്സയിലാണ്.

രോഗം ബാധിച്ചവരിൽ 44 പേർ ഇതിനകം രോഗമുക്തി നേടി. ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ 57 കോഴിക്കോട് സ്വദേശികൾ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതിൽ 21 പേർ മെഡിക്കൽ കോളേജിലും 32 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് പേർ കണ്ണൂരിലും ഒരു എയർ ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണ്.

ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസർകോട്, വയനാട്, കണ്ണൂർ സ്വദേശികളും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

ഇന്നലെ 423 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7086 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 6528 എണ്ണം നെഗറ്റീവാണ്. 430 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.