പേരാമ്പ്ര: പുലിപ്പേടി തുടരുന്ന ചെമ്പനോടയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂടും കാമറയും സ്ഥാപിച്ചു. ചെമ്പനോട ആലമ്പാറയിൽ വനത്തോട് ചേർന്ന കുരിശുമലയിലാണ് കൂട് സ്ഥാപിച്ചത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന ഇരുമ്പ് കൂട് വനം വകുപ്പിലെ റാപ്പിഡ് റസ്‌പോൺസ് ടീം നേതൃത്വത്തിലാണ് സ്ഥാപിച്ചത്. പ്രദേശത്ത് മൂന്നിടങ്ങളിൽ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. 40 ഓളം വനപാലകരെ പ്രദേശത്ത് പരിശോധനയ്ക്കായി നിയോഗിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി പുത്തരിപ്പാറ തേരകത്തിങ്കൽ ചാക്കോയുടെ വീട്ടിൽ കൂട്ടിൽ കെട്ടിയിട്ട നാല് ആടുകളെയും വെള്ളിയാഴ്ച വടക്കേക്കര റെജിയുടെ ആടിനെയും പുലി കടിച്ച് കൊന്നിരുന്നു. ചെമ്പനോടയിൽ വന്യമൃഗ ശല്യം തടയാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും പുലി ഭീഷണിയുള്ള ചെമ്പനോടയിൽ വനംവകുപ്പിന്റെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പട്രോളിംഗ് ശക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.