കോഴിക്കോട് : പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതായി ആക്ഷേപം. സൗദി അറേബ്യയിൽ നിന്ന് പുറപ്പെടുന്ന വിമാന ടിക്കറ്റ് നിരക്കിലാണ് വൻ വർദ്ധന ഉണ്ടായതെന്ന ആക്ഷേപമുള്ളത്. മിഷന്റെ ആദ്യ ഘട്ടത്തിൽ 950 റിയാലിന് ലഭ്യമായിരുന്ന ടിക്കറ്റ് മുന്നറിയിപ്പില്ലാതെ 1700 റിയാലായി വർദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ചാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് സൗദിയിലെ എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. അസാധാരണ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാതെ തിരികെയെത്തുന്ന പ്രവാസികളെ കൊള്ളയടിക്കുന്നതിന് സമാനമാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് എം.പി ആരോപിച്ചു.
നിലവിൽ സൗദിയിൽ നിന്ന് നാമമാത്ര സർവ്വീസുകളാണ് മലബാറിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് പ്രവാസികളുടെ മടക്കത്തിന് അപര്യാപ്തമാണ്. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും കത്തയച്ചു.