കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കടവന്ത്ര പുഴയുടെ നവീകരണത്തിനായി റവന്യൂ വകുപ്പ് ദുരന്തനിവാരണ ഫണ്ടിൽ നിന്നു 41 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ പ്രളയത്തിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കൂട്ടങ്ങളും മരങ്ങളും വന്നുപതിച്ചതോടെ പുഴ ഗതി മാറി ഒഴുകുകയായിരുന്നു. ഇത് കാരണം പീടികപ്പാറ ആദിവാസി കോളനി, പവർഹൗസ്, എക്കൽ ഭാഗങ്ങളിൽ പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇ.കെ.വിജയൻ എം.എൽ.എ. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. മേജർ ഇറിഗേഷൻ വകുപ്പാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. വലിയ പാറക്കൂട്ടങ്ങൾ മുറിച്ച് മാറ്റി സൈഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കലാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എക്കൽ ഭാഗത്ത് 25 ലക്ഷവും പീടികപ്പാറ കോളനി ഭാഗത്ത് 16 ലക്ഷവും ചെലവഴിക്കും. പ്രവൃത്തി പെട്ടെന്ന് ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.