വടകര: അഴിയൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൽ കടുത്ത ആശങ്ക. തുടർച്ചയായ ദിവസങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശത്താകെ ജാഗ്രത തുടരുകയാണ്. ദുബായിൽ നിന്ന് അഞ്ചാം തിയ്യതി നെടുമ്പാശ്ശേരി വഴി അഴിയൂരിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കിയുന്ന 32 വയസുകാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നീരീക്ഷണത്തിൽ കഴിയവെ രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നേരിട്ട് സമ്പർക്കമുള്ള സഹോദരനെ വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങൾ കാണിച്ച ചെന്നൈയിൽ നിന്നെത്തിയ 59 കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം 3 പേർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഒരു രോഗി കോഴിക്കോട് ലക്ഷദ്വീപ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്. ഇന്നലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവാവ് ഉൾപ്പെടെ ഇതുവരെ അഞ്ച് പോസിറ്റീവ് കേസുകളാണ് അഴിയൂരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതെസമയം ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് നാളെ 3 മണിക്ക് പഞ്ചായത്തിൽ യോഗം ചേരും. കൂടുതൽ പേർ വീടുകളിൽ നിരീക്ഷണത്തിലേക്ക് വരുന്നതിനാൽ സമ്പർക്ക സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. വീടുകൾ കയറിയുള്ള നോട്ടീസ് പ്രചാരണം തുടങ്ങിയവ ഒഴിവാക്കണമെന്നും വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത കാണിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.