കോഴിക്കോട് : ആരാധനാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് മാർഗ നിർദ്ദേശങ്ങളുമായി കോഴിക്കോട് രൂപത. ഓരോ ഇടവകയുടെയും സ്ഥലത്തിന്റെയുംസാഹചര്യം കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ നിർദ്ദേശം നൽകി.
സർക്കാർ മാർഗ നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുന്നവർക്ക് ദേവാലയങ്ങൾ തുറക്കാം. തിങ്കളാഴ്ച ആരാധനാലയങ്ങളും പരിസരവും അണുവിമുക്തമാക്കണം. ഒരു ദിവ്യബലിയിൽ പങ്കെടുക്കാവുന്നവരുടെ കൂടിയ എണ്ണം 100 ആണ്. തിരുകർമ്മങ്ങളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ചതുരശ്ര മീറ്ററിൽ 15 പേർ എന്ന കണക്ക് സ്വീകരിക്കണം. പരമാവധി 100 പേർ ഒരു സമയം. 65വയസ്സിനു മുകളിൽ പ്രായമുള്ളവരും, ഗർഭിണികളും, 10വയസ്സിനു താഴെയുള്ള കുട്ടികളും ദേവാലയങ്ങളിൽ വരുന്നത് സർക്കാർ അനുവദിക്കുന്നില്ല. പനി, ചുമ, ജലദോഷം, മറ്റ് അസുഖങ്ങൾ ഉള്ളവർ ഭവനങ്ങളിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയാകുമെന്നും കോഴിക്കോട് രൂപത അറിയിച്ചു.