santhosh
സന്തോഷ്

കോഴിക്കോട്: ലോക്ക് ഡൗൺ തുടരവെ തൊഴിലില്ലാതായതിൽ മനംനൊന്ത് സ്വകാര്യ ബസ് ഡ്രൈവർ ചെറുകുളം കീഴൂർ സന്തോഷ് (42) ആത്മഹത്യ ചെയ്തു.

കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിൽ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാത്തതിന്റെ സങ്കടത്തിലായിരുന്നു സന്തോഷെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ രണ്ടു ദിവസം ബസ്സ് ഓടിയപ്പോൾ സന്തോഷ് ജോലിയ്ക്ക് പോയിരുന്നു. എന്നാൽ, സർവീസ് നഷ്ടമായതോടെ ബസ് ഉടമ ഓട്ടം വേണ്ടെന്ന് വെക്കുകയായിരുന്നു.

ലോറിയിൽ ജോലി ശരിയായെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. ഇന്നലെ രാവിലെ ബസ് ഷെഡ്ഡിനടുത്തായാണ് സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചെറുകുളം മക്കട കിഴൂർ പരേതനായ വാസുവിന്റെയും സത്യവതിയുടെയും മകനാണ്. ഭാര്യ: രജിഷ. മക്കൾ: ജിഷ്ണു, ഷാനിയ. സഹോദരങ്ങൾ: ശ്രീജ, റീജ, ബീന. സഞ്ചയനം ചൊവ്വാഴ്ച.