കോഴിക്കോട്: ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സംയോജിത കൊതുക് നിയന്ത്രണ പരിപാടിക്ക് തുടക്കമായി. ഈ മാസം 12 വരെ തുടരും. കൊതുക് ഉറവിട നശീകരണം, രാസ-ജൈവ മാർഗങ്ങളിലൂടെ ലാർവകളെ നശിപ്പിക്കൽ, സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ ഒരേ സമയം ചെയ്ത് കൊതുകുകൾ പെരുകുന്നത് ഇല്ലാതാക്കുകയാണ് സംയോജിതയുടെ ലക്ഷ്യം.
പ്രവർത്തനം ഇങ്ങിനെ
#വാർഡുതല ആരോഗ്യ ശുചിത്വ സമിതികൾ നേതൃത്വം നൽകും
#50 വീടിന് രണ്ട് വളണ്ടിയർമാർ
#ജൂൺ 8, 9 തീയതികളിൽ ഭവന സന്ദർശനം
#വീടിനകവും പുറവും പരിശോധന
#വെള്ളം കെട്ടിനിൽക്കാനിടയുള്ള സാമഗ്രികൾ കണ്ടെത്തി നിർമ്മാർജ്ജനം
#വാട്ടർ ടാങ്കുകൾ കൊതുക് കടക്കാത്ത വിധം മൂടും
#കിണർ, വെന്റ് പൈപ്പുകൾ വല കൊണ്ട് മൂടൽ
#വെള്ളക്കെട്ടുകളിൽ ലാർവിസൈഡുകൾ ഒഴിക്കും
#ലാർവകളെ തിന്നുന്ന ഗപ്പിമീനുകളെ നിക്ഷേപിക്കും
#ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വീടുകളിൽ സ്‌പ്രേയിംഗ്, ഫോഗിംഗ്
#ബോധവത്കരണം നൽകും
@പഴുതടച്ച പ്രതിരോധം
ജൂൺ 10ന് തോട്ടങ്ങളിലും കെട്ടിടനിർമ്മാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതുസ്ഥലങ്ങൾ, ആൾപാർപ്പില്ലാത്ത ഇടങ്ങൾ, അന്യ സംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചും 12ന് സ്‌കൂളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തും. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ പ്രവർത്തനങ്ങൾക്ക് തടസം നിന്നാൽ പകർച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കും. കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ആരോഗ്യ പ്രവർത്തകരും വളണ്ടിയർമാരും ശ്രദ്ധിക്കണം.