കോഴിക്കോട്: കേരള ജൈവ കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ജൈവ ചന്തകൾ ആരംഭിക്കും. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ചന്ത തുടങ്ങുക. പിന്നീട് മറ്റിട ങ്ങളിലേക്കും വ്യാപിപ്പിക്കും. പൂർണമായും ജൈവ രീതിയിലുള്ള ഉത്പന്നങ്ങൾ മാത്രമാണ് ചന്തയിൽ ഉണ്ടാവുക. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, ഇലക്കറികൾ, വെളിച്ചെണ്ണ, ശർക്കര തുടങ്ങിയവയെല്ലാം ലഭ്യമാക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി തിരുവാതിര ഞാറ്റുവേല മഹോത്സവം വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തും. അവിടെ വിതരണം ചെയ്യാനായി തൈകൾ ഉത്പാദിപ്പിച്ച് തുടങ്ങാൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകും.
വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി. അശോക് കുമാർ, കെ.പി. ഇല്യാസ്, വി.എ. ദിനേശൻ, ജില്ലാ സെക്രട്ടറി ടി.കെ. ജയപ്രകാശ്, കെ.കെ. പ്രസിൽ, ടി. പ്രശാന്ത് കുമാർ, കെ.സുരേഷ്, ഡോ.പത്മനാഭൻ ഊരാളുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.