grapes

കോഴിക്കോട്: കൃഷി ചെയ്യണം, പക്ഷേ ഒട്ടും സ്ഥലമില്ലല്ലോ. ജസീനയുടെ ഉള്ളുലച്ച ഈ ചോദ്യത്തിന് ഒടുവിൽ മട്ടുപ്പാവിൽ ഉത്തരമായി. കോഴിക്കോട്ടെ ഇടത്തരം കുടുംബാംഗമായ ജസീനയ്‌ക്ക് ആകെയുള്ളത് മൂന്നു സെന്റ് ഭൂമി. വീടെന്ന സ്വപ്നം ഇവിടെ കരുപ്പിടിപ്പിച്ചു. ചെടികളെ പ്രാണന് തുല്യം സ്നേഹിക്കുന്ന ജസീനയ്‌ക്ക് വീടുപണി കഴിഞ്ഞപ്പോൾ മുറ്റത്തൊരു തൈ പോലും നടാൻ ഇടമില്ലാതായി. എങ്കിലും കഠിനപ്രയത്നത്തിലൂടെ വീടിന്റെ മട്ടുപ്പാവിൽ പൊന്നുവിളയിച്ച വിജയമന്ത്രമാണ് കച്ചേരിക്കുന്ന് പടിഞ്ഞാത്ത് പറമ്പ് മറിയം മൻസിലിൽ ജസീനയും ഭർത്താവ് നാസറും പങ്കുവയ്‌ക്കുന്നത്.
തണ്ണിമത്തൻ, ഷമാം, മുന്തിരി, ബുഷ് ഓറഞ്ചുമടക്കമുള്ള പഴവർഗ്ഗങ്ങൾ, ചീര, വെള്ളരി, പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളും മട്ടുപ്പാവിൽ തലയെടുപ്പോടെ ഗ്രോ ബാഗുകളിൽ വളരുകയാണ്. പരീക്ഷണമെന്ന നിലയിൽ നട്ട പഴ വർഗങ്ങൾ നൂറു മേനി മടക്കി നൽകുകയായിരുന്നു. തുടർന്നാണ് കൃഷി വിപുലമാക്കിയത്.

വീട്ടിലേക്ക് വേണ്ട പച്ചക്കറികളും പഴങ്ങളുമെല്ലാം ഇന്ന് ജസീനയുടെ മട്ടുപ്പാവിലുണ്ട്. വെളുത്തുള്ളിയും വേപ്പെണ്ണയും ചേർത്ത മിശ്രിതമാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. കടല പിണ്ണാക്ക്, വെള്ളം, കുമ്മായപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത ജൈവവളവും ഉപയോഗിക്കുന്നുണ്ട്.

കരിയില ഉണക്കിപ്പൊടിച്ച് ഗ്രോബാഗിലെ മണ്ണിനൊപ്പം നിറയ്‌ക്കും. പച്ച ചാണകവും ഗ്രോ ബാഗിലെ പാഴ്ച്ചെടികളും സംയോജിപ്പിച്ച് വളമായി ഉപയോഗിക്കും. ഭർത്താവ് നാസറും മക്കളായ നിഹാലാ പർവീൻ, അദീലാ മറിയം എന്നിവരും ജസീനയുടെ സഹായികളായുണ്ട്.