കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ഹാർബറുകളിലെ ബോട്ടുകൾ കരയ്‌ക്കടിപ്പിച്ചു. ഇന്ന് അർദ്ധരാത്രി തുടങ്ങുന്ന ട്രോളിംഗ് നിരോധനം ജൂലായ് 31 വരെ നീളും. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) വരെയാണ് നിരോധനം. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ, വെള്ളയിൽ ഹാർബറുകളിലാണ് ബോട്ടുകളടുപ്പിച്ചത്. എന്നാൽ ചെറുവള്ളങ്ങളിലും മറ്രും മീൻ പിടിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം ബാധകമല്ല.
ലോക്ക് ഡൗണിലും കടൽ പ്രക്ഷുബ്ദമായപ്പോഴുമെല്ലാം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ വലിയ ആശങ്കയോടെയാണ് ബോട്ടുകൾ കരയ്‌ക്കടുപ്പിച്ചത്. യാനങ്ങളടക്കമുള്ള മത്സ്യബന്ധ ഉപകരണങ്ങൾ ഈ സമയത്താണ് അറ്റകുറ്റപ്പണി ചെയ്യുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാം അവതാളത്തിലായി.
ജില്ലയിൽ 1,222 യന്ത്രവത്കൃത ബോട്ടുകളടക്കം 6,103 യാനങ്ങളാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ട്രോളിംഗ് കാലയളവിൽ പരമ്പരാഗത ഔട്ട് ബോർഡ്, ഇൻബോർഡ് യാനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. കൺട്രോൾ റൂം നമ്പർ: 0495 2414074, 9496007038.
കരുതൽ വേണം
കടലിൽ പോകുന്ന തൊഴിലാളികൾ ബയോ മെട്രിക് കാർഡ് കരുതണം
ലൈഫ് ജാക്കറ്റ്, ഇന്ധനം, ടൂൾ കിറ്റ് എന്നിവ വള്ളത്തിലുണ്ടായിരിക്കണം
ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്‌ത യാനങ്ങൾ - 6,103
മറ്റിടങ്ങളിൽ നിന്ന് ജില്ലയുടെ തീരക്കടലിൽ പോകുന്ന ബോട്ടുകൾ - 600
ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും തീരദേശ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് പരിശോധന
മത്സ്യത്തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ
നാലു കേന്ദ്രങ്ങളിലുള്ള റെസ്‌ക്യൂ ഗാർഡുകൾ - 13