കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസുകളുടെ വിചാരണ ആഗസ്റ്റ് 11ന് സെഷൻസ് കോടതിയിൽ തുടങ്ങും. ഇന്നലെ പ്രാരംഭവാദം കേട്ട കോടതി സിലി കൊലക്കേസാണ് ആദ്യം പരിഗണിക്കുന്നത്. മുഖ്യപ്രതി ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൊലപാതക കേസാണ് രണ്ടാമതായി വിചാരണയ്ക്കെടുക്കുക. ഇന്നലെ ജോളിക്കു പുറമേ രണ്ടും മൂന്നും പ്രതികളായ എം.എസ്. മാത്യു, കെ. പ്രജികുമാർ എന്നിവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. 2019 ഒക്ടോബർ അഞ്ചിനാണ് ജോളി അറസ്റ്റിലായത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ. കെ. ഉണ്ണികൃഷ്ണനും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.