കോഴിക്കോട്: ലോക്ക് ഡൗണിൽ ജോലിയില്ലാതെ കടക്കെണിയിലായ മനോവിഷമത്തിൽ ജീവനൊടുക്കിയ സ്വകാര്യ ബസ് ഡ്രൈവർ ചെറുകുളം മക്കട കീഴൂർ സന്തോഷിന്റെ (42) കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.
വിഹിതസംഖ്യ അടക്കാൻ പണമില്ലാത്തതിനാൽ ക്ഷേമനിധിയിൽ നിന്നു പോലും ജീവനക്കാർക്ക് ഒരു ആനുകൂല്യവും നൽകുന്നില്ല. മൂന്നു മാസത്തോളം ജോലി ഇല്ലാതായതോടെ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായ സാഹചര്യത്തിലായിരുന്നു യുവാവിന്റെ ആത്മഹത്യ. ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന് വരുമാനം മുട്ടിയ സാഹചര്യത്തിൽ അടിയന്തിരമായി ധനസഹായം ലഭ്യമാക്കണം.
പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ടു കുട്ടികളുടെയും വിദ്യാഭ്യാസച്ചെലവ് എലത്തൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുക്കുമെന്ന് ഫിറോസ് കുടുംബത്തെ അറിയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാഫർ സാദിഖ്, എലത്തൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മച്ചക്കുളം, കക്കോടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ജാഫർ കക്കോടി, കക്കോടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കിഷോർ തുടങ്ങിയവരും ഫിറോസിനൊപ്പം എത്തിയിരുന്നു.