lock-down-

കോഴിക്കോട്: കൊവിഡിനെ തുടർന്ന് ക്ഷേത്രങ്ങളിലുണ്ടായിരുന്ന പ്രവേശന വിലക്ക് സർക്കാർ പിൻവലിച്ചെങ്കിലും സാമൂതിരിരാജയുടെ ട്രസ്റ്റീഷിപ്പിലുള്ള ക്ഷേത്രങ്ങളിൽ തുടരുമെന്ന് സാമൂതിരി രാജ അറിയിച്ചു. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടെങ്കിലും ക്ഷേത്ര കടവിൽ സർക്കാർ മാർഗരേഖകൾ പാലിച്ച് ബലികർമ്മങ്ങൾ പുനഃരാരംഭിക്കാൻ അനുമതി നൽകി.

കോഴിക്കോട് തളി മഹാക്ഷേത്രം, ശ്രീ വളയനാട് ദേവീ ക്ഷേത്രം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് മഹാദേവക്ഷേത്രം, ആലത്തിയൂർ പെരുതൃക്കോവിൽ, തൃക്കണ്ടിയൂർ ശിവ ക്ഷേത്രം, നെറുംങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം, മേക്കോട്ടഭഗവതി ക്ഷേത്രം, പന്നിയൂർ ശ്രീ വരാഹമൂർത്തീക്ഷേത്രം, കൊടിക്കുന്ന് ദേവിക്ഷേത്രം, പനമണ്ണ ശങ്കരനാരായണ സ്വാമി ക്ഷേത്രം, തൃത്താല ശിവക്ഷേത്രം, അഴകൊത്ത് ശിവക്ഷേത്രം, തൃക്കാവ് ദേവീ ക്ഷേത്രം, പൂത്തൂർ ദേവിക്ഷേത്രം, വരക്കൽ ദേവീക്ഷേത്രം, പന്തല്ലൂർ ദേവീ ക്ഷേത്രം, തൃക്കുളം ശിവക്ഷേത്രം, തളിക്കുന്ന് ശിവക്ഷേത്രം, കേരളാധീശ്വരപുരം ക്ഷേത്രം, തിരുമണിക്കര ശ്രീകൃഷ്ണക്ഷേത്രം, തൃക്കലങ്ങോട് മേലേടം ശിവക്ഷേത്രം തുടങ്ങി 48 ക്ഷേത്രങ്ങളിൽ ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രങ്ങളിലെ നിത്യ ചടങ്ങുകൾ മുടക്കമില്ലാതെ നടത്തും. ഓൺലൈൻ വഴിപാട് ബുക്കിംഗിന് ഉള്ള സൗകര്യം കൂടുതൽ ക്ഷേത്രങ്ങളിൽ നടപ്പാക്കും.