സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിൽ നിന്ന് പച്ചക്കറി കൊണ്ടുവരാൻ പോയ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്ക്. കോഴിക്കോട് അടിവാരം സ്വദേശി കല്ലിൻമേൻകുന്നിൽ അബുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ആറിന് മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിന് സമീപം വാഹനം നിറുത്തിയിട്ടശേഷം സമീപത്തെ പുഴയോരത്തുള്ള വനത്തിൽ പ്രഥമികാവശ്യങ്ങൾ നിറവേറ്റാനായി പോയപ്പോഴാണ് കാട്ടാന അബുവിന്‌ നേരെ പാഞ്ഞടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുപോയ അബു വീണ്ടും എഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്നതിനിടെ ആന കാലിൽ ചവിട്ടിപിടിച്ച് തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയുമായിരുന്നു. പുഴയിൽ വീണ അബു നീന്തി രക്ഷപ്പെട്ടു. ആന പുഴയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്തിരിഞ്ഞു.
കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ ആളുകളും ചേർന്ന് അബുവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലിന് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.