കൽപ്പറ്റ: വയനാട്ടിൽ രണ്ടു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരകച്ചു. രണ്ടു പേർ രോഗമുക്തരായി.
തൃക്കൈപ്പറ്റ സ്വദേശിയായ 37 കാരനും ബത്തേരി ചീരാൽ സ്വദേശിയായ 22 കാരനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
തൃക്കൈപ്പറ്റ സ്വദേശി ഡൽഹിയിൽ നിന്ന് മെയ് 28 ന് ബാംഗ്ലൂർ വഴി കോഴിക്കോട് എത്തി മേപ്പാടിയിലെ കോവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു.
ചീരാൽ സ്വദേശി അബുദാബിയിൽ നിന്ന് കൊച്ചി വഴി കോഴിക്കോട് എത്തി 27 മുതൽ കോഴിക്കോട് കോവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു.

മുട്ടിൽ സ്വദേശി 42 കാരനും പുൽപ്പള്ളി സ്വദേശി 19 കാരനുമാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

രോഗം സ്ഥിരീകരിച്ച് 16 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നത്.

180 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. ഇന്നലെ നിരീക്ഷണത്തിലായ 164 പേർ ഉൾപ്പെടെ നിലവിൽ 3675 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ 27 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 638 ആളുകൾ ഉൾപ്പെടെ 1846 പേർ വിവിധ കോവിഡ് കെയർ സെന്ററുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2247 ആളുകളുടെ സാമ്പിളുകളിൽ 1904 ആളുകളുടെ ഫലം ലഭിച്ചതിൽ 1868 നെഗറ്റീവും 38 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. 338 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.

സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 2672 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 2065 ൽ 2058 നെഗറ്റീവും 7 പോസിറ്റീവുമാണ്.

ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1691 ആളുകളെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തി.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 169 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി.

സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 166 രോഗികള്ക്ക് ആവശ്യമായ പരിചരണം നൽകി, ഇതില് 144 മുതിര്ന്ന പൌരന്മാരും ഉള്‌പെടുന്നു.

ദ്രുത പരിശോധന ആരംഭിച്ചു
സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി ജില്ലയിൽ രക്ത പരിശോധനയിലൂടെ ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു.
ഇന്നലെ ജില്ലാ ആശുപത്രിയിലെ 50 ആരോഗ്യ പ്രവർത്തകരുടെയും കുറുക്കൻമൂല പി എച്ച് സി യിൽ വെച്ച് 60 വയസ്സ് കഴിഞ്ഞ 20 പേരുടെയും രക്തസാമ്പിളുകൾ പരിശോധിച്ചു.