കൽപ്പറ്റ: പുഴകളിൽ നീരൊഴുക്കിന്റെ തടസ്സം ഒഴിവാക്കുന്നതിനായി മണൽ നീക്കം ചെയ്യുന്ന നടപടികൾ ഊർജിതമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാലവർഷം ശക്തിപ്പെടുന്നതോടെ ജില്ലയിൽ പലയിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി പുഴകളിലെ നീരൊഴുക്ക് ശക്തിപ്പെടുത്തണം. ഇതിന് പുഴകളിലെ മണൽ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ലഭിക്കുന്ന മഴയുടെ തോത് അറിയുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ സജ്ജമാക്കും. കാലവർഷത്തിൽ ദുരിതം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കും. ഇതിന് പ്രയോജനപ്പെടുത്താവുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. കോവിഡ് 19 രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വയോജനങ്ങൾക്കും കുട്ടികൾക്കും സുരക്ഷിതമായ കേന്ദ്രങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ഡെപ്യൂട്ടി കളക്ടർ കെ അജീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജിതമാക്കും

കൽപ്പറ്റ: മഴക്കാല ശുചികരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കൽപറ്റ മുനിസിപ്പാലിറ്റിയിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹരിത കർമ്മ സേന അംഗങ്ങളുടെ വരുമാന വർദ്ധനവിന് ഉതകുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പഞ്ചായത്ത് തലത്തിൽ അതിനുള്ള പദ്ധതി തയ്യാറാക്കുവാനും യോഗത്തിൽ നിർദേശം ഉയർന്നു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് സുഭദ്ര നായർ, എ. ഡി. പി ബെന്നി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ വി. കെ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.