niskaram

കോഴിക്കോട്: ജീവനും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകി വേണം പള്ളികളിൽ ജുമുഅ ജമാഅത്തുകൾ നടത്തേണ്ടതെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിർദ്ദേശിച്ചു. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദ്ദേശങ്ങൾ വിശ്വാസികൾ പാലിക്കണം. ഗ്രാമീണ മേഖലകളിലെ പള്ളികളിൽ തദ്ദേശീയരായ 40 പേരുണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി താത്കാലികമായി ജുമുഅ നടത്താം. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗം മുശാവറ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, എം. അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ.പി. മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം എന്നിവർ സംസാരിച്ചു.