സുൽത്താൻ ബത്തേരി: ഓടപ്പള്ളം പള്ളിപടി പഴശ്ശി നഗറിൽ വെച്ച് കഴിഞ്ഞ ദിവസം വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ പുലിയെ വയനാട് വന്യ ജീവി സങ്കേതത്തിലെ ഉൾ വനത്തിൽ കൊണ്ടുപോയി വിട്ടു. ഇന്നലെ പുലർച്ചെ ആറ് മണിയോട് കൂടിയാണ് വനപാലക സംഘം പുലിയ കൂട് തുറന്ന് വനത്തിലേക്ക് വിട്ടത്.
ഞായറാഴ്ച രാവിലെയാണ് പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ അതിർത്തിയിലായിട്ടായിരുന്നു കെണി. പുലിയെ മയക്കുവെടിവെച്ച് പിടികൂടി രക്ഷിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെ പുലി കെണിയിൽ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ളതോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു.
പൊലീസും വനപാലകരും നടത്തിയ തെരച്ചിലിനൊടുവിൽ പുലിയെ ഒരു കർഷകന്റെ തോട്ടത്തിൽ കണ്ടെത്തി. ഇവിടെ നിന്ന് പുലിയെ വലയിൽ കുടുക്കാനുള്ള നീക്കം നടത്തുന്നതിനിടെ പുലി ഓടി മറ്റൊരു കൃഷിയിടത്തിൽ എത്തി. ജനവാസകേന്ദ്രമായതിനാൽ പുലി ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയതോടെ വൈകീട്ട് പുലിയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
മയക്കു വെടിയേറ്റ പുലിക്ക് ഡോ.അരുൺ സഖറിയ പ്രഥമ ശുശ്രൂഷ നൽകി. പുലി പൂർണ ആരോഗ്യവാനാണ്. മയക്ക് വെടിയേറ്റ് രണ്ട് മണിക്കൂറിന്‌ശേഷം പുലി മയക്കം വിട്ടുണർന്നു. ഇതോടെയാണ് പുലിയെ ഉൾ വനത്തിലേക്ക് തന്നെ വിടാൻ തീരുമാനിച്ചത്. ഇന്നലെ പുലർച്ചെ തന്നെ പുലിയെ കട്ടിലേക്ക് തുറന്ന് വിടുകയും ചെയ്തു.
പുലിയെ കെണിയിൽ വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വനപാലകർ അറസ്റ്റ് ചെയ്ത കൊപ്പറമ്പിൽ ഏലിയാസിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാന്റ് ചെയ്തു. ഏലിയാസിന്റെ സ്ഥലത്തിന്റെ അതിർത്തിയോട്‌ചേർന്നാണ് പുലി കെണിയിൽ കുടുങ്ങി കിടന്നത്.