t-siddique

കോഴിക്കോട്: കോവിഡിൽ ആശ്വാസവും കരുതലുമാവേണ്ട സർക്കാർ മരണത്തിന്റെ വ്യാപാരികളാകുന്ന ദുരന്തചിത്രമാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. ദേവിക മുതൽ കക്കോടി സന്തോഷ് വരെയുള്ളവർ സർക്കാറിന്റെ ചെയ്തികളെ തുടർന്നാണ് ജീവനൊടുക്കിയത്. ദേവികയുടെ മരണത്തിന് ശേഷം പുറത്തിറക്കിയ ഓൺലൈൻ പഠന ക്രമീകരണ ഉത്തരവുകൾ സംഭവത്തിന്റെ ഉത്തരവാദിത്വം സർക്കാറിന് തന്നെയാണെന്നതിന്റെ പ്രഖ്യാപനമാണ്. സർക്കാരിന്റെ കരുണയില്ലാത്ത നടപടി കാരണമാണ് ബസ് ഡ്രൈവറായ കക്കോടിയിലെ സന്തോഷ് ആത്മഹത്യ ചെയ്തത്. സന്തോഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും, കുടുംബത്തിന് 25 ലക്ഷം രൂപയും, കുടുംബത്തിന് സർക്കാർ ജോലി നൽകാനും തയ്യാറാകണം. തങ്ങൾ രോഗ വ്യാപനത്തിന് നേതൃത്വം കൊടുക്കുന്നവരാണെന്ന സി.പി.എമ്മിന്റെ പ്രചാരണത്തിൽ മനംനൊന്താണ് മണിയൂരിലെ ബിനീഷ് ചെന്നൈയിൽ ആത്മഹത്യ ചെയ്‌തതെന്നും സിദ്ദിഖ് ആരോപിച്ചു.